തിരുവനന്തപുരം: ലോക്സഭ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നടന്ന വോട്ട് ചോരിക്കെതിരേ കോണ്ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ഒപ്പുസമാഹരണ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽനിന്ന് 15 ലക്ഷം കത്തുകൾ ഡൽഹിക്ക് അയയ്ക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമാഹരിച്ച അഞ്ചു കോടി ഒപ്പുകൾ നവംബർ അവസാനം ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ എത്തിച്ചശേഷം തെരഞ്ഞെടുപ്പ് കമ്മീഷനു നൽകും.
കേരളത്തിൽനിന്ന് 14 ലക്ഷം ഒപ്പുകൾ ഇതിനകം സമാഹരിച്ചു. അത് 15 ലക്ഷമാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് ഡൽഹിക്ക് അയക്കുന്നത്.
ഫോട്ടോയുള്ള മെഷീൻ റീഡബിൾ വോട്ടർപട്ടിക പൊതു പരിശോധനയ്ക്കു നല്കുക, ഓരോ തെരഞ്ഞെടുപ്പിനു മുന്പും ഫോട്ടോയോടു കൂടിയ ഒഴിവാക്കൽ, കൂട്ടിച്ചേർക്കൽ പട്ടിക പരിശോധിക്കാൻ നല്കുക, വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ അതിവേഗ പരാതി പരിഹാര സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഒപ്പുശേഖരണത്തിൽ ഉന്നയിച്ചത്.
ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പുകളിൽ നടന്ന വോട്ട് ചോരി കേരളത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ഇടയുണ്ടെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ഇതു സംബന്ധിച്ച പരാതികൾ നൽകിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന യഥാർത്ഥ വോട്ടർമാരെ വലിയ തോതിൽ ഒഴിവാക്കിയിരിക്കുകയാണെന്നും ഇതിനെതിരേ പരാതി നല്കിയെന്നും അദ്ദേഹം പറഞ്ഞു.